മലയാളം

സർപ്രൈസ്

അകമാകെ വെളുത്ത ചായം പൂശിയ ഒരു ചെറിയ ഓഫീസ്. ഇടവിടാതെ കീബോർഡിൽ വിരലുകൾ അമരുന്നതിനും മേലെയാണ് എ.സി യുടെ മൂളൽ. സൂര്യനൊപ്പം ഓഫീസിലേയും വെളിച്ചം മങ്ങി വരുന്നു. കൈമുട്ടുകൾ ഡെസ്കിൽ ഊന്നി വിരലുകൾ ദ്രുതഗതിയിൽ കീബോർടിൽ ഓടിച്ച് സ്ക്രീനിന് തൊട്ടരികെ വരെ തലയെത്തിച്ചാണ് കോര ഇരിക്കുന്നത്. മുന്നിൽ നിന്നും നോക്കിയാൽ അവിടത്തെ ഏറ്റവും ആത്മാര്‍ത്ഥത ഉള്ള ജോലിക്കാരൻ കോരയാണ്. ജനലുകളിൽ നിന്നും ദൂരെയായതിനാൽ വെളിച്ചം മങ്ങുംബോൾ ആദ്യം പ്രതികരിക്കുന്നതും കോര തന്നെയാണ്. കാരണം മറ്റൊന്നുമല്ല വെളിച്ചം ഇല്ലെങ്കിൽ തന്റെ സ്ക്രീൻ മുഖത്തെ കണ്ണടയിൽ പ്രതിഭലിക്കും എന്ന ഭയം തന്നെ. ഓടിക്കൊണ്ടിരുന്ന യുട്യൂബ് വീഡിയോ തൽകാലത്തേയ്ക് നിർത്തി വെച്ച് സ്കൈപിൽ ലൈറ്റ് ഓണാക്കാൻ തൊട്ടടുത്തിരുന്ന അമലിന് മെസ്സേജ് അയച്ചു. ലൈറ്റുകൾ മെല്ലെ ഓണായി വന്നു. തെളിഞ്ഞ് വരുന്ന ലൈറ്റുകളിലേയ്കു അലക്ഷ്യമായി നോക്കി ഇരിക്കുകയാണ് മനു ചേട്ടൻ. കൈകൾ ഇപ്പോഴും കീബോർഡിന് മേലെ ഉണ്ട്. ലൈറ്റ് ഓണാക്കി സീറ്റിലേയ്കിരിക്കുംബോൾ മനു ചേട്ടന്റെ ഇരുപ്പ് കണ്ട് അറിയാതെ വെളിച്ചത്തിലേയ്ക് കണ്ണ് പാളിയെങ്കിലും, മനസ്സിൽ വന്ന ചിരി അല്പം അമലിന്റെ മുഖത്തും എത്തി.

“ഷാജിയേട്ടാ….. ” മനു ചേട്ടന്റെ ഫോൺ ഉറക്കെ വിളിച്ചു. മുഖത്ത് വന്ന ചമ്മൽ ഒരു ചിരിയിൽ ഒതുക്കി ചുറ്റും നോക്കി ഫോണിന്റെ ടോണിലും ഉറക്കെ ഒരു “ഹലോ” പറഞ്ഞ് കൊണ്ട് പുറത്തേയ്കു നടന്നു. അമലും കോരയും പരസ്പരം നോക്കി ചിരിച്ചിട്ട് പണി തുടർന്നു. ഓഫീസിൽ നടക്കുന്ന മറ്റൊന്നിലും ശ്രദ്ധ തിരിയാതെയാണ് അയാളുടെ ഇരിപ്പ്. ഇടത്തോട്ട് ചെരിഞ്ഞിരിക്കുന്ന തല ഇടതു കൈയിൽ താങ്ങി വലതു കൈകൊണ്ട് മൗസ് നീക്കി വളരെയേറെ ചിന്താകുലനായാണ് ഇരുപ്പ്. വർക്ക് ഡെസ്കിൽ അങ്ങിങ്ങായി പേഷ്സും താക്കോലുകളും മൊബൈൽ ഫോണുമുണ്ട്. സൂര്യൻ പോയതൊ, ലൈറ്റ് ഓണായതോ മനു ചേട്ടന്റെ ഫോൺ വിളിയോ ഒന്നും അയാൾ അറിഞ്ഞില്ല. തലയ്കു താങ്ങായിരുന്ന കൈ ഡെസ്കിൽ മെല്ലെ മുട്ടിക്കൊണ്ടിരുന്നു. സ്ക്രീനിലേയ്കു തന്നെ നോക്കി വലുതു കൈ കൊണ്ട് തല ചൊറിഞ്ഞുള്ള ഇരുപ്പ് കണ്ടപ്പോഴെ അമൽ കോരയെ തോണ്ടി വിളിച്ചു. തോണ്ടലും “ഓൾട് ടാബ്” അമർത്തി സ്ക്രീൻ മാറ്റലും ഞെട്ടൽ മറച്ചുള്ള തിരിഞ്ഞ് നോട്ടവും ഒരുമിച്ചായിരുന്നു. “ഇന്നു പോക്കുണ്ടാവില്ല” ഒരു ഗദ്ഗതത്തോടെ അമൽ പറഞ്ഞു. ശബ്ദം കുറഞ്ഞ ഏതോ ഒരു ഇംഗ്ലിഷ് പാട്ടിൽ അയാളുടെ ഫോൺ അടിച്ചു. കണ്ണുകൾ മാത്രമാണ് ഫോണിലേയ്കു പോയത് അതും ഒരു നിമിഷത്തേയ്ക് മാത്രം. രണ്ട് സെക്കൻഡ് കണ്ണടച്ചിരുന്ന അയാൾ പെട്ടന്ന് എന്തൊ വന്ന പോലെ വീണ്ടും സ്ക്രീനിലേയ്കും കീബോർഡിലേയ്കും ആഴ്നിറങ്ങി. ഫോൺ വീണ്ടും അടിച്ചു. ഇത്തവണ കൈയിലിൽ എടുത്ത് “സൈലെന്റ്” ആക്കി മേശപ്പുറത്ത് വെച്ച് തള്ളി വിട്ടു. താക്കോലിനും കീബോർഡിനും ഇടയിലൂടെ നിരങ്ങി നീങ്ങി ഫോൺ ചെന്നിടിച്ച് നിന്നത് മോണിറ്ററിനു പിന്നിൽ അനാഥമായി കിടന്ന “ബെസ്റ്റ് എമ്പ്ലോയി ” അവാർഡിൽ ആണ്.

ഫോൺ വിളി കഴിഞ്ഞ് തിരികെയെത്തിയ മനു ചേട്ടൻ ബാഗുമെടുത്ത് നാളെ കാണാം എന്ന് എല്ലാവരോടും പറഞ്ഞ് പുറത്തേയ്കു പോയി. പോകും വഴി അറിയാതെ അയാളുടെ ചെയറിൽ ബാഗ് മുട്ടി. ചെയർ അല്പം അനങ്ങിയെങ്കിലും തല അല്പം ചെരിഞൊരു നോട്ടത്തിനപ്പുറം അയാൾ ജോലിയിൽ മുഴുകി. അല്പനേരത്തിനുള്ളിൽ തന്നെ കോരയും അമലും ഇറങ്ങി. അയാളുടെ മുകളിലെ ലൈറ്റിലേയ്കും മുന്നിലെ സ്ക്രീനിലേയ്കും ആ മുറിയിലെ വെളിച്ചം ഒതുങ്ങി. ജോലിയുടെ കാഠിന്യം കൂടി വന്നപ്പോൾ കസേരയിൽ പിന്നോട്ട് ചാഞ്ഞിരുന്നു. ഒരു കൈ കണ്ണുകൾ തിരുമ്മി ഇരുന്നപ്പോൾ മറു കൈ പോക്കറ്റിനെ മീതെ താളം പിടിക്കുകയായിരുന്നു. പോക്കറ്റിൽ നിന്നും സിഗരറ്റ് കൈയിൽ എടുത്ത് കഴുത്ത് ചെരിച്ച് സ്ക്രീനിൽ നിറഞ്ഞിരുന്ന കോഡുകളിൽ നോക്കി അല്പ നേരം ഇരുന്നു. എന്നിട്ടയാൾ ഇന്നേ ദിവസം ആദ്യമായ് ആ കസേര വിട്ടെഴുന്നേറ്റ് പുറത്തെയ്കു നടന്നു. അയാൾ നടന്നകലവേ പിന്നിൽ അയാളുടെ ഫോൺ നിശബ്ദമായ വിറയലിൽ വട്ടം ചുറ്റുകയായിരുന്നു.  അയാൾ എന്നും ഇങ്ങനെ ആണ്, കംപ്യൂട്ടറിനും മനുഷ്യനും നടുവിലെ തർജമക്കാരൻ. ജോലിയിൽ ലയിച്ച് കഴിഞ്ഞപ്പോൾ കംപ്യൂട്ടറിനെ മനുഷ്യനും അതുപോലെ തിരിചും മനസ്സിലാക്കി കൊടുക്കുന്ന വെറുമൊരു യന്ത്രമായി അയാൾ മാറി.

പുക നിറഞ്ഞ ആത്മാവുമായി തിരിച്ച് വന്നപ്പോഴും മുടങ്ങാതെ വിളിച്ചിരുന്ന കോൾ കാണാൻ അയാൾ മറന്നു. സ്ക്രീനിലെ കോഡുകളിൽ മുങ്ങിയിരുന്നപ്പോൾ അയാൾ ഓഫീസിലേയ്കു പാഞ്ഞു കയറി വന്ന സുഹൃത്തിനേയും കണ്ടില്ല. “ഏന്തിനാ ഈ ഫോൺ.. ”  മോണിറ്ററിനു താഴെ കിടന്ന ഫോൺ മുഖത്തോടടുത്തപ്പോഴാണയാൾ അതുമായി നിൽകുന്ന സുഹൃത്തിനെ കണ്ടത്. എന്തോ ഉറക്കെ പറഞ്ഞ് കൈ പിടിച്ച് വേഗം വരാൻ പറഞ്ഞ് സുഹൃത്ത് പുറത്തേയ്കു ധൃതിയിൽ നടന്നപ്പോൾ അയാളുടെ മുഖം ആശ്ചര്യത്തിലും ഭീതിയിലും ആഴ്നു തുടങ്ങി. ഫോൺ മാത്രമെടുത്ത് സുഹൃത്തിനു പിന്നാലെ എത്തുംബോൾ കംപ്യൂട്ടർ ഓഫ് ആക്കാൻ മറന്നതോ കാൽ തട്ടി കസേര മറിഞ്ഞ് വീണതോ അയാൾ അറിഞ്ഞില്ല. ലിഫ്റ്റിന്റെ ഭിത്തിയിൽ മുഖം ചേർത്ത് നിന്നപ്പോൾ അറിയാതെവിടെന്നോ ഒരു തേങ്ങൽ ഉള്ളിൽ തിരയടിച്ചു. സുഹൃത്തിന്റെ ബൈകിന്റെ പിൻ സീറ്റിൽ ഇരുന്ന് എതിരെ ഒഴുകി നീങ്ങുന്ന കാറ്റിൽ ഉയർന്നു പൊങ്ങുന്ന മുടിയിഴകളെ തഴുകി അയാൾ ഇരുന്നു. ഇടവിട്ട് കടന്നു പോകുന്ന വഴി വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ അയാളുടെ മുഖത്തെ ഭയം ഏറി വരുന്നതു കാണാം. ചുറ്റുമുള്ള യാത്രികരുടെ മുഖങ്ങളിലൂടെ അയാളുടെ കണ്ണുകൾ ആരെയോ തിരഞ്ഞ് കൊണ്ടേയിരുന്നു. എതിരെ പോയ മുനിസിപ്പാലിറ്റിയുടെ മാലിന്യ വണ്ടിയുടെ ദുർഗന്ധം അയാൾ അറിഞ്ഞില്ല. വളുവുകളും ചെറു ഗട്ടറുകളും അയാളെ അനക്കിയില്ല. ആശുപത്രി വരാന്തയിലേയ്ക് ഓടി കയറുംബോൾ അയാളുടെ ശരീരം മെല്ലെ തളർന്ന് തുടങ്ങി. ഉള്ളിലെ തേങ്ങൽ ഒരു മഴയായ് കണ്ണുകളെ ഈറനണിയിച്ച് തുടങ്ങി. ഐ സി യു എന്നെഴുതിയ ചില്ലു വാതിലിനു നേരെ ഓടിയടുത്തപ്പോഴേക്കും ആ വാതിൽ മെല്ലെ തുറന്നു. മനുഷ്യനായ് ജീവിക്കാൻ മറന്നു പോയ നിമിഴങ്ങളെ പഴിച്ച്, തുറന്ന് വരുന്ന ആ വാതിലിനെ നോക്കി അയാൾ നിന്നു.

Leave a Reply

ലിഫ്റ്റ്

September 29, 2016

അവൾ

October 3, 2016