മലയാളം

പറന്നകലും മുന്നേ

മണിക്കൂറുകളായി പെയ്യുന്ന മഴ തോർന്ന് വരികയാണ്. മേഘങ്ങൾ നീങ്ങി നക്ഷത്രങ്ങൾ തെളിഞ്ഞ് തുടങ്ങി. വഴിവിളക്കിന്റെ വെളിച്ചത്തിനു കീഴെ പ്രാണികൾ വന്നു തുടങ്ങി. കായലിനും റോഡിനും ഇടയിൽ തലയുയർത്തി നിൽക്കുന്ന പത്ത് നില കെട്ടിടത്തിലെ ജനാലകളിൽ പകുതിയിലേറെയും ഇരുട്ടിലാണ്. അടഞ്ഞ് കിടക്കുന്ന ഗേറ്ററിനരികിലെ ചെറിയ കൂരയ്ക്ക് കീഴെ രണ്ട് നായ്ക്കൾ മഴയിൽ കുതിർന്നു ഇരിക്കുന്നുണ്ട്. സെക്യൂരിറ്റി ക്യാബിനിൽ ടോർച്ചിലെ ബാറ്ററിയും മാറ്റി ഇരിയ്ക്കുകയാണ് ഗേറ്റ് കീപ്പർ. മൂന്നാം നിലയിലെ ഒറ്റമുറി അപ്പാർട്മെന്റിൽ ഇപ്പോഴും വെളിച്ചം ഉണ്ട്. മഴ കഴിഞ്ഞെത്തിയ ചെറു കാറ്റിൽ ജനൽ കർട്ടൻ മെല്ലെ ഇളകുമ്പോൾ ആ വെളിച്ചം പുറത്തേയ്ക്കു എത്തി നോക്കി കൊണ്ടിരുന്നു.കെട്ടിടത്തിന്റെ മുകളിലെ വലിയ വിളക്കിനരികിൽ ആരെയോ കാത്തിരുന്ന പ്രാവ് മഴയിൽ കുതിർന്ന ചിറകും കുടഞ്ഞ് പറന്നു പോയി. പ്രാവിൻ ചിറകിൽ നിന്നിളകി വീണ തൂവൽ കാറ്റിൽ മെല്ലെ തത്തി കളിച്ചു താഴോട്ട് പോന്നു. മൂന്നാം നിലയിലെ തുറന്ന ജനാലയിലൂടെ പാറിക്കളിച്ച കാർട്ടനെയും താണ്ടി ആ തൂവൽ ഉള്ളിലേയ്ക്ക് കടന്നു.

ഊണുമേശയ്ക് മുകളിൽ നേർത്ത ചങ്ങലയിൽ തൂങ്ങി നിൽക്കുന്ന 100 വാട്ട് ബൾബിന്റെ പുറം ചട്ടയിൽ ആ തൂവൽ വന്നിരുന്നു. കാറ്റ് വന്നു മുട്ടുമ്പോൾ മെല്ലെ ഇളകിയാടുന്ന മഞ്ഞ വെളിച്ചത്തിൽ ആ ഒറ്റ മുറി അപാർട്മെന്റ് ഏറെയും വ്യക്തമായി കാണാം. ഊണുമുറിയ്കും ലിവിങ് റൂമിനും ഇടയിൽ ചെറിയൊരു സ്ലാബിനപ്പുറം അടുക്കള. നിരന്നു നിൽക്കുന്ന കബോർഡുകൾക്കപ്പുറം ബെഡ്‌റൂമിലേക്കുള്ള വാതിൽ. ആഡംബരം അധികമില്ലെങ്കിലും ഒറ്റ നോട്ടത്തിൽ തെറ്റില്ലാത്ത ഭവനം. കാറ്റിനെ എതിർത്തൊതിരി നേരം വിശ്രമിക്കാൻ തൂവലിനായില്ല. ബൾബിനുമുകളിൽ നിന്നും ഊണുമേശയിലേയ്ക് അത് തെന്നി വീണു. അടുക്കള സ്ളാബിൽ കൂട്ടിയിട്ട ദുർഗന്ധം പരത്തുന്ന പാതി കഴിച്ചു പഴകിയ ഭക്ഷണ കെട്ടുകൾക്കും ചിതറിക്കിടക്കുന്ന സിഗരറ്റ് കുറ്റികൾക്കും പിടി കൊടുക്കാതെ ആ തൂവൽ ഊണ് മേശയിൽ വന്നിരുന്നു. നിരന്നു കിടക്കുന്ന ഒഴിഞ്ഞ മദ്യകുപ്പികൾക്കും സിഗരറ്റു പാക്കറ്റുകൾക്കും ലൈറ്റ്‌റുകൾക്കും ഇടയിൽ ഒരു ജാക്ക് ഡാനിയേൽസ് കുപ്പിയ്ക്കു മേലെ അത് യാത്ര തത്കാലം അവസാനിപ്പിച്ചു ചുറ്റും എത്തി നോക്കി. പൊടിയോ ചെളിയോ പുരളാതെ ഒരു എട്ടുകാലി വല പോലുമില്ലാത്ത വളരെ വൃത്തിയായ ചുവരുകൾ. എന്നാൽ കഴിഞ്ഞ കുറെ ദിവസങ്ങളുടെ അലോരസതയിൽ താളം തെറ്റിയ പോലെ വൃത്തിഹീനമായ പരിസരം. തറയിൽ അങ്ങിങ്ങായി സോക്‌സുകളും പതിയൊഴിഞ്ഞ പിസാ ബോക്സുകളും ബാഗും താക്കോലുകളും പരന്നു കിടന്നു. ഇടയ്കവിടെ ചിതറി കിടക്കുന്ന ചെറിയ ചില്ലു കക്ഷണങ്ങളും കാണാം. സ്ഥാനം തെറ്റിയ കസേരകളും വെള്ളം തുള്ളി തുള്ളിയായ് ഇറ്റു വീഴുന്ന പൈപ്പും കബോർഡിൽ നിര തെറ്റിയിരിക്കുന്നു ഗ്ലാസുകളും താഴേയ്ക്കു വീഴാൻ എത്തി നോക്കുന്ന പ്ലേറ്റിനെയും നോക്കി ഇരുന്ന തൂവലിനു നേരെ തളർന്നു തുടങ്ങിയ ആ കൈകൾ നീണ്ടു വന്നു.

നീണ്ടു തുടങ്ങിയ നഖങ്ങളിൽ കറ പുരണ്ടു തുടങ്ങിയിരുന്നു. മദ്യത്തിന്റെ നനവുള്ള ചുണ്ടുകൾക്കിടയിൽ ഒരു സിഗരറ്റു തങ്ങി നിന്നു. തറയിൽ നിന്നും വളരെ പണിപ്പെട്ടാണയാൾ മേശപ്പുറത്തെ ലൈറ്റർ തിരയുന്നത്. തുറക്കാൻ മടിക്കുന്ന കണ്ണുകൾക്കടിയിൽ കറുപ്പ് പുരണ്ടു തുടങ്ങിയിരുന്നു. വെള്ളം കാണാൻ മറന്ന മുടിയിലും താടിയിലും അഴുക്കു പുരളാൻ ഇനി ഇടമില്ല. മെലിഞ്ഞ രൂപത്തിൽ നിന്നും പറന്നകലും പോലെ അഴഞ്ഞ ഷർട്ട്. ഇളം നീല ഷർട്ടിൽ അങ്ങിങ്ങായി അധികം പഴക്കം ഇല്ലാത്ത കറകൾ. ബ്രൗൺ പാന്റിന്റെ അവസ്ഥയും സമം. മേശപ്പുറത്തു നിന്നും ലൈറ്റർ എടുക്കാൻ ഉള്ള തത്ര പാടിലാണയാൾ. അയാളുടെ കൈകളിൽ തട്ടി ജാക്ക് ഡാനിയേൽസിന്റെ കുപ്പി മെല്ലെ ഉരുണ്ടു മേശയിൽ നിന്നും താഴോട്ട് പതിച്ചു. മയക്കം വന്നു തുടങ്ങിയ തൂവൽ ഞെട്ടി ഉണർന്നു മേലോട്ടെന്നുയർന്നു. എന്നിട്ടു ജഡ പിടിച്ചു തുടങ്ങിയ അയാളുടെ മുടിയിൽ ഒരു വിശ്രമ സ്ഥാനം കണ്ടെത്തി. താഴെ വീണുടഞ്ഞ മദ്യ കുപ്പിയുടെ ചില്ലു കക്ഷണങ്ങൾ തറയിലാകെ ചിതറി കിടന്നു. ഉള്ളിൽ ഒതുക്കിയ പുക ശ്വാസത്തിനൊപ്പം പുറത്തേക്കൊഴുകുമ്പോൾ അയാൾ ആ ചില്ലുകളെ നോക്കി ഇരുന്നു. പാതി വലിച്ചു തീർത്ത സിഗരറ്റ് കുറ്റി തറയിൽ ഉപേക്ഷിച്ചയാൾ എണിറ്റു. പകുതി നിറഞ്ഞ മദ്യ കുപ്പിയുമായി ആ ചില്ലു വിതറിയ തറയിലൂടെ അയാൾ നടന്നു. കാലിൽ തറച്ച ചില്ലിൻ കക്ഷണങ്ങൾക്കോ ഇറ്റു വീണ ചോര തുള്ളികൾക്കോ ഇനി അയാളെ തിരിച്ചു വിളിക്കാൻ ആവില്ല. പിന്നിൽ തുറന്നിട്ട വാതിൽ അലസമായ് കാറ്റിൽ അടഞ്ഞപ്പോഴും അയാൾ മുന്നോട്ടു തന്നെ നടന്നു. കയ്യിലെ മദ്യ കുപ്പിയിൽ നിന്നും ഇടയ്ക്കിടെ കുടിച്ചു അയാൾ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി.ഓരോ പടികൾ കയറുമ്പോഴും ഇടതു കൈ വിരലുകളിൽ തൂങ്ങി കിടന്ന കുപ്പി അയാളുടെ കാൽമുട്ടിൽ തട്ടി ഉരഞ്ഞു.പടവുകൾ ഓരോന്ന് കയറുമ്പോളും ജീവിതം താഴേക്കൊഴുകി തുടങ്ങിയ നിമിഷങ്ങൾ അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു.

”’ഉരുണ്ടു കൂടിയ മേഘങ്ങൾ മഴയായ് പെയ്തു തുടങ്ങും മുന്നേ അയാൾ അവിടെ എത്തിയിരുന്നു. ഇളം പച്ച ഷർട്ട് ഇൻ ഷർട്ട് ചെയ്തു കോഫി ക്ലബ്ബിലെ മേശയിൽ അയാൾ അവളെ കാത്തിരിക്കുകയാണ്. ഇടവിടാതെ മൊബൈൽ സ്‌ക്രീനിൽ നോക്കി അയാൾ ഇരുന്നു. ഇടയ്ക്കിടെ എത്തി നോക്കിയിരുന്ന വെയ്‌റ്ററുടെ പുഞ്ചിരി അയാൾക്കു ഒരു പ്രതീക്ഷയായിരുന്നു. വിരലുകൾ കൊണ്ട് മേശയിൽ താളം പിടിച്ചു സമയം കടന്നു പോയി. ഇറ്റ്‌ ഇറ്റ്‌ തുടങ്ങിയ മഴത്തുള്ളികൾക്കിടയിലൂടെ വിടർത്തി പിടിച്ച കുടയുമായി അവൾ കടന്നു വന്നു. കോഫി ക്ലബ്ബിന്റെ വാതിലിൽ നിന്നവൾ ചുറ്റും നോക്കി. അവളെ നോക്കി പുഞ്ചിരിച്ചിരുന്ന അയാളെ അവൾ കണ്ടു. അവൾ അയൽക്കരികിലേയ്ക് നടന്നു. വേയ്റ്ററെ നോക്കി അയാൾ പുഞ്ചിരിച്ചു. അടുത്തെത്തിയതും അവൾ പറഞ്ഞു “നമുക്കൊന്ന് നടക്കാം”. പുറത്തു പെയ്തു തുടങ്ങിയ മഴയിലേയ്ക് അയാൾ കണ്ണോടിച്ചു. അവളുടെ കൈകൾ അയാളുടെ തോളുകളിൽ തന്നെ ഉണ്ട്. അവളുടെ ഭാവ മാറ്റങ്ങൾ ഇപ്പോഴും അയാൾ കാണുന്നില്ല. “വിൽ ബി ബാക്” വൈറ്റർക് അറിയിപ്പ് നൽകി അവൾക്കൊപ്പം പുറത്തേയ്ക്കു നടക്കുമ്പോഴും ആയ പുഞ്ചിരി അയാളെ വിട്ടകന്നിട്ടില്ല. മഴയിൽ ഒരു കുടകീഴിൽ അവർ നടന്നു. “ഞാൻ പോകുവാടാ.. ഇനി വരുവോന്നറിയില്ല… ആർമി നേഴ്സ് ആയത് കൊണ്ട് നോ പറയാനും വയ്യ…”. അയാളുടെ പുഞ്ചിരി മായുന്നത് അവൾ കണ്ടില്ല. കുടയുമായി അവൾ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. അവളുടെ കണ്ണുകൾ ഈറനണിയുനനുൻട്. അയാൾ മഴയിൽ അവിടെ നിന്നു പോയി. തിരിഞ്ഞു നോക്കിയ അവൾ മഴത്തുള്ളികൾക്കിടയിൽ അയാളുടെ കണ്ണ് നീർ കണ്ട് ഓടി വന്നു.”’

പിന്നിൽ മുഴങ്ങിയ ഹോൺ അടി ശബ്ദം മെല്ലെ അലിഞ്ഞു പോയി. ഫ്ലാറ്റിന്റെ കോറിഡോറിൽ കളിച്ചിരുന്ന കുട്ടികൾ അയാളെ നോക്കി നിന്നു. ഓരോ സ്റ്റെപ്പുകളിലും കഴിഞ്ഞു പോയ തന്റെ ഓരോ ദിനങ്ങളും അയാൾ കണ്ടു. പടവുകളിൽ പടർന്ന അഴുക്കും ഇടയ്ക്കിടെ മിന്നി കളിക്കുന്ന ലൈറ്റും അയാൾ കണ്ടില്ല.

”’ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു ഉണർന്നു വരുന്ന കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി അയാൾ ഇരുന്നു. ലൈറ്റ് കളർ ഷർട്ട്‌ അയാളുടെ ഐഡന്റിറ്റി ആയി മാറി ഇരുന്നു. കീബോർഡുകളിൽ അമരുന്ന വിരലുകളുടെ ശബ്ദം ആ ഓഫീസിൽ മുഴങ്ങി കേട്ടു. തുറന്നു വന്ന കമ്പ്യൂട്ടർ സ്ക്രീനിലെ മെസ്സേജ് അയാൾ വീണ്ടും വീണ്ടും വായിച്ചു.ബാഗിൽ നിന്നും കുപ്പി എടുത്തു അല്പം വെള്ളം കുടിച്ചു. അത് അടയ്ക്കാതെ തന്നെ അയാൾ അവിടെ നിന്നും എണീറ്റു. മാനേജരുടെ ക്യാബിൻ ഓഫീസിന്റെ അങ്ങേ അറ്റത്താണ്. കഴുത്തിൽ തൂങ്ങിയ ID കാർഡിൽ ദ്രുതഗതിയിൽ താളം പിടിച്ചു മാനേജരുടെ അടുത്തേയ്ക്കു അയാൾ നടന്നു. ചുറ്റും ഇരിക്കുന്നവരുടെ നോട്ടങ്ങളിലേയ്ക് അയാളുടെ കണ്ണുകൾ തെന്നി മാറുന്നുണ്ടായിരുന്നു. മുഖത്തു പ്രതിഫലിച്ച ആധി കൂടി കൂടി വന്നു. ചില്ലിട്ട മാനേജർ ക്യാബിനിൽ അയാൾ കയറി. ആ ചില്ലു പെട്ടിക്കകത്തെ കാഴ്ചകൾ പുറത്തിരുന്ന അയാളുടെ സുഹൃത്തുക്കൾ സസൂക്ഷ്മം വീക്ഷിച്ചു. അവ്യക്തമായ സംഭാഷണങ്ങൾക്കൊടുവിൽ അയാളുടെ തോളിൽ തട്ടി എന്തോ ഒരു ലെറ്റർ കൈ മാറി മാനേജർ മുറിയിൽ നിന്നും പുറത്തേയ്ക്കു പോയി. അല്പം നേരം സ്തബ്ദനായിരുന്ന അയാൾ അവിടെ നിന്നും എണീറ്റു. തല താഴ്ത്തി ആ ഓഫീസിനു നടുവിലൂടെ അയാൾ നടന്നു. ഫുൾ സ്ലീവിന്റെ ബട്ടൺ അഴിച്ചു ഷർട്ടിന്റെ കൈകൾ അല്പം മടക്കി വെച്ച്. അയാളുടെ മേശയിലേയ്ക് ആ ലെറ്റർ അയാൾ ഇട്ടു. സങ്കടത്തിനു മീതെ തിളച്ചു വന്ന ദേഷ്യത്തിൽ മേശപ്പുറത്തു അയാൾ ആഞ്ഞടിച്ചു. ഓഫിസ് മുഴുവൻ അങ്ങോട്ട് നോക്കി. അടയ്ക്കാൻ മറന്ന കുപ്പി ആ ലെറ്ററിനു മീതെ മറിഞ്ഞു വീണു.”’

മഴവെള്ളം വീണ കോറിഡോറിൽ കിടന്നു നനഞ്ഞ പത്രം രാമേട്ടൻ എടുത്തു. പത്രം നനഞ്ഞതിന്റെ പ്രതീക്ഷേദം ഭാര്യയോടും അവിടെ വെള്ളം ഒഴിച്ച ദൈവത്തോടും തീർക്കുകയാണയാൾ. മദ്യകുപ്പിയുമായി മെല്ലെ മെല്ലെ സ്റ്റെപ് കയറി പോകുന്ന അയാളെ രാമേട്ടനും കണ്ടു. ‘ഓരോരുത്തന്മാർക്കൊക്കെ എന്തും ആകാമെന്നായി” എന്നൊഴികെ മറ്റൊരു പ്രതികരണവും രാമേട്ടനിൽ നിന്നും ഉണ്ടായില്ല. അയാൾ മുകളിലേയ്ക്കു നടന്നു കൊണ്ടേ ഇരുന്നു. രാമേട്ടനോ രാമേട്ടന്റെ വാക്കുകളോ അയാളെ പിന്തിരിപ്പിച്ചില്ല. അയാളുടെ മുന്നിൽ ഇപ്പോഴും മറക്കപ്പെടേണ്ട അയാളുടെ ഓർമ്മകൾ മാത്രമാണ്.

”'”നീ മറ്റുള്ളവരെക്കാൾ നന്നായി ജോലി ചെയ്തിരുന്നെങ്കിൽ, ജോലി പോവില്ലായിരുന്നല്ലോ. നിനക്കൊന്നിനും കഴിവില്ല. നിന്നെ ഒക്കെ എന്തിനു വളർത്തിയതാണോ എന്തോ!” അച്ഛന്റെ വാക്കുകൾ അയാൾക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വാതിലിനരികിൽ നിന്ന് ‘അമ്മ കരയുന്നുണ്ട്. തറയിൽ നോക്കി നിൽക്കുന്ന അയാൾ അസ്വസ്ഥനാണ്. കുറച്ചു നേരം കേട്ടു നിന്ന ശേഷം അയാൾ പുറത്തേയ്ക്കിറങ്ങി പോയി. പോകും നേരം അച്ഛൻ പറഞ്ഞത് അയാളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. “തിരിച്ചു രണ്ടു പറഞ്ഞിട്ടെങ്കിലും പോടാ… എല്ലാത്തിനും ഇങ്ങനെ ഓടാൻ അല്ലാതെ ഇത്തിരിലും ആണാണെന്നൊന്നു കാണട്ടെ”.വേഗത്തിൽ നടന്നു പോയ അയാളുടെ കാലുകൾ എവിടെയോ തട്ടി അയാൾ മുന്നോട്ടൊന്നാഞ്ഞു പോയി.”’

അവസാന സ്റ്റെപ്പുകളിൽ കാലിടറിയെങ്കിലും അയാൾ മുന്നോട്ടു നടന്നു. ടെറസ്സിന്റെ വാതിൽ തുറന്നു. മഴ കഴിഞ്ഞെത്തിയ കുളിർ കാറ്റിനൊപ്പം പറന്നുയരാൻ അയാളുടെ തലയിലെ തൂവൽ ശ്രമം തുടങ്ങി. ടെറസ്സിലൂടെ തെളിഞ്ഞു നിന്ന നിയോൺ ലാമ്പിനടുത്തേയ്ക് അയാൾ മെല്ലെ ചുവടുകൾ വെച്ചു.

”’DJ മ്യുസിക്കിന്റെ ശബ്ദം കൂടി കൂടി വന്നു. അയാൾ ആ പബ്ബിലെ ആൾ കൂട്ടത്തിനിടയിലൂടെ നടക്കുകയാണ്. അയാളുടെ മുഖത്തെ വിഷമം മറ്റുള്ളവരെ ആരെയും ബാധിക്കുന്നില്ല. തന്നെ ആരെങ്കിലും ശ്രദ്ധിക്കുമോ എന്നറിയാൻ അയാൾ എല്ലാ മുഖങ്ങളിലും അനുകമ്പ തേടി ബാർ കൗണ്ടറിനരികിലേയ്ക് നടന്നു. പബ്ബിലെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ അടുത്തിരുന്നയാൾ അയാളോട് സംസാരിക്കുവാൻ വന്നു. ഒറ്റപ്പെട്ടുപോയെന്ന തോന്നൽ മാറാൻ എന്ന പോലെ അയാൾ എല്ലാം വിവരിച്ചു തുടങ്ങി. സന്തോഷം തേടി വന്ന അപരിചിതൻ അയാളുടെ സങ്കട കഥകളിൽ നിന്നും ധൃതിയിൽ എണീറ്റ് പോയി. വീണ്ടും ഏകാന്തതയിൽ ചുറ്റും നോക്കി അയാൾ ഇരുന്നു.തലയ്ക്കു മീതെ മിന്നി തെളിയുന്ന സ്ട്രോബിങ് ലൈറ്റിൽ അയാളുടെ ശ്രദ്ധ പതിഞ്ഞു.”’

ടെറസിനു മുകളിലെ കുളിർമയിൽ നിയോൺ ലൈറ്റിനരികെ ഗാർഡ് റെയിലിനു മുകളിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി അയാൾ നിന്നു. തലമുടിയിൽ ഉണ്ടാക്കിയ തൂവൽ നിലാവെളിച്ചത്തിൽ തെളിഞ്ഞു നിന്നു. അയാൾ കണ്ണുകൾ അടച്ചു. മുകളിലേയ്ക്കു തല ഉയർത്തി. കയ്യിൽ ഇരുന്ന ജാക്ക് ദാനിയേലിന്റെ കുപ്പി 10 നിലയ്ക്ക് മുകളിൽ നിന്നും താഴേക്ക് പതിച്ചു. ഗദ്ഗദങ്ങൾക്കിടയിൽ അവസാന ശ്വാസം എടുത്തു അയാൾ മുന്നോട്ടു വീണു. സെക്കൻഡുകൾ മിനുട്ടുകളായി. അയാൾ താഴേക്ക് പതിച്ചു തുടങ്ങി. മരണത്തിലേക്കുള്ള ആ യാത്രയിൽ അയാളുടെ ചിന്തകൾ വീണ്ടും പിന്നോട്ട് പോയി.

”’അയാളുടെ കണ്ണുകൾ മെല്ലെ തുറന്നു. ബെഡിൽ കിടക്കുന്ന അയാൾക്കരികെ അയാളുടെ ‘അമ്മ ഉണ്ട്. “എന്ത് പ്രശ്നങ്ങൾ ഉണ്ടേലും ഞാൻ നിന്റെ കൂടെ ഇല്ലേ മോനെ.. നീ ഇങ്ങനെ തളർന്നു ഇരിക്കാതെ എണീറ്റ് വാ.. ‘അമ്മ ചോറെടുത്തു വെയ്കാം”.”’

തുറക്കാൻ മടിച്ച കണ്ണുകളുമായി അയാൾ താഴേക്ക് വീണുകൊണ്ടേ ഇരുന്നു.

”’ജോലി പോയ ദിവസം അയാളേക്കാൾ ഉത്കണ്ഠയിൽ അയാളുടെ ചലനങ്ങൾ വീക്ഷിച്ചിരുന്ന അവളുടെ മുഖം അയാൾക്കു മുന്നിൽ തെളിഞ്ഞു. ഓഫിസിൽ നിന്നും എല്ലാം എടുത്തു പുറത്തേക്കിറങ്ങും വഴി അവൾ അയാളുടെ പിന്നാലെ എത്തി. അവൾ പറഞ്ഞ വാക്കുകൾ അയാൾ കേൾക്കുന്നത് അവസാനത്തെ ആ വീഴ്ചയിലാണ്. ” ഡോണ്ട് വറി… ഞങ്ങൾ ഒകെ ഉണ്ടല്ലോ കൂടെ.. എല്ലാം ശരിയാകും” “പറ്റിയാൽ നെക്സ്റ്റ് വീക്ക് ഒരു കോഫി?..” അവളെ ഒഴിവാക്കി അന്ന് നടന്നകന്നു പോയത് അയാൾ വ്യക്തമായ് ഓർത്തു.”’

വേഗത്തിൽ ഓടുന്ന ഫിലിം സ്ട്രിപ്പിൽ എന്ന പോലെ അയാളുടെ മുന്നിൽ ചിരിക്കുന്ന കുറെ മുഖങ്ങൾ മിന്നി മറയാൻ തുടങ്ങി. ഓണത്തിന് പായസം വിളമ്പി തരുന്ന ‘അമ്മ. എന്നും കൂടെ ചിരിച്ചു നടക്കുന്ന കൂട്ടുകാർ. എത്ര വഴക്കു പറഞ്ഞാലും ചേർത്ത് പിടിച്ചു ഒരു ഉമ്മ തരുന്ന അച്ഛൻ. ഒരിക്കലും ശ്രദ്ധിച്ചില്ലെങ്കിലും എന്നും പുറകെ സഹായവുമായി നടന്ന അവൾ.

അയാൾ തറയോടടുത്തെത്തിയിരുന്നു. അയാൾ കണ്ണുകൾ തുറന്നു. അതെ നിമിഷം എല്ലാം ഇരുട്ടിനു വഴി മാറി. അയാളുടെ തലയിലെ തൂവൽ മേലോട്ടു ഉയർന്നു പൊങ്ങി. തൂവലിനൊപ്പം മുകളിലേയ്ക്കു പോകുമ്പോൾ പിന്നിലെവിടെയോ ആളുകൾ ഓടി കൂടുന്നതും ഉറക്കെ നിലവിളിക്കുന്നതും കേൾകാം. തൂവൽ വീണ്ടും ആ ജനലിലൂടെ അയാളുടെ ഫ്‌ളാറ്റിൽനുള്ളിൽ കടന്നു. സോഫയിൽ അലസമായി കിടന്ന അയാളുടെ ഫോണിന് മീതെ ആ തൂവൽ വന്നിരുന്നു. തൂവൽ വന്നിരുന്നതും ഫോൺ ശബ്ദിച്ചു തുടങ്ങി. “AMMA CALLING”……….

 

Comments

Leave a Reply

ഉൽക്ക

November 25, 2020