മലയാളം

ലിഫ്റ്റ്

വല്ലാത്ത തലവേദന, ഇന്നു തീർക്കേണ്ട ടാസ്ക് ഇനിയും തീർന്നിട്ടില്ല. സമയം എട്ട് കഴിഞ്ഞ് കാണും. ഓഫീസ്സിൽ ഇനി ഞാനും ടോണിയും മാത്രമേ ഒള്ളു. ടോണി എന്നും ഇങ്ങനെ ആണ് ലേറ്റ് ആയി വരും ലേറ്റ് ആയി പോകും. വളരെ ബുദ്ധിജീവിയായ ഒരു ഏകാകി. ചിന്തിച്ചിരുന്ന് കളയാൻ സമയമില്ലാത്തതിനാൽ ഒരു കാപ്പി കുടിച്ച് ജോലി തുടർന്നു. ഒൻപതര-പത്ത് മണിയോടെ പണിയെല്ലാം ഒരു വിധം തീർത്തു. ടോണി ഇപ്പോഴും അതെ ഇരുപ്പിൽ ജോലി തുടരുകയാണ്. അധികം ഡിസ്റ്റ്ർബ് ചെയ്യാതെ ഒരു ഗുഡ് നൈറ്റ് പറഞ്ഞ് ഇറങ്ങി. കോറിഡോറിൽ എങ്ങും ആരും ഇല്ല. വാച്മാൻ ഊണ് കഴിക്കാൻ പോയി കാണും. പതിവിലും വെളിച്ചം കുറവാണ്. കോസ്റ്റ് കട്ടിങ് ആയിരിയ്കും. തലവേദന ഒട്ടും കുറഞ്ഞിട്ടില്ല, കണ്ണുകൾ ഇടയ്കിടെ അടഞ്ഞ് പോകുന്നു; റൂമിൽ ചെന്ന് സ്വസ്തമായൊന്ന് ഉറങ്ങണം. ഒത്തിരി ചിന്തകൾ തലയീലൂടെ പാഞ്ഞ് പോകുന്നുണ്ട്. കണ്ണുകൾ കുറച്ച് നേരം അടച്ച് പിടിച്ചാണ് നടക്കുന്നത്, പിരികം രണ്ടും മുകളിലേയ്കാക്കി കണ്ണടച്ച് നടന്നപ്പോൾ തലവേദനയ്ക് അല്പം ശമനം വന്ന പോലെ.

ലിഫ്റ്റിനു മുന്നിൽ എത്തിയപ്പോൾ ഫോൺ ഒന്നു ശബ്ദിച്ചു. ലിഫ്റ്റ് വരാൻ ബട്ടൺ അമർത്തിയ ശേഷം ഫോൺ എടുത്തു. ലോക്ക് സ്ക്രീനിൽ “മെസ്സേജ് ഫ്രം ടോണി” എന്ന് കണ്ടു, തലവേദന കാരണം തുറന്നു നോക്കിയില്ല. ഇറങ്ങാൻ നേരം പറഞ്ഞ ഗുഡ് നൈറ്റിന് മറുപടി അയച്ചതായിരിയ്കും. ലിഫ്റ്റ് വരാൻ വളരെ നേരം എടുക്കുന്നത് പോലെ ഒരു തോന്നൽ, ഒരു പക്ഷെ ക്ഷീണം കൂടിയത് കൊണ്ട് തോന്നുന്നതാവാം. കണ്ണുകൾ അടച്ച് തല കഴുത്തിനു ചുറ്റും കറക്കി. ഉറങ്ങി വീഴാതിരിക്കാനുള്ള ഒരോ ചേഷ്ടകൾ. സാധാരണ ലിഫ്റ്റ് കാത്ത് നിൽകുന്നത് അതിൽ വരുന്ന സുന്ദരിയുടെ രൂപം മനസ്സിൽ വരച്ച് കൊണ്ടാണ്. വരയ്കുന്ന തല പാതി ഉറക്കത്തിലായത് കൊണ്ടും സുന്ദരിമാരെല്ലാം വീടെത്തി എന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ടും ഇന്ന് ആ ചിന്തകൾ എല്ലാം വിദൂരമായിരുന്നു. പല തവണ കോറിഡോറിൽ ലിഫ്റ്റും കാത്ത് നിന്നിട്ടുണ്ടെങ്കിലും സ്റ്റെപ്പുകൾക്കടിയിലെ പല്ലി കുടുംബത്തെ ഇന്നാണ് കണ്ടത്. കണ്ണുകൾ തളർന്നിരുന്നത് കൊണ്ടായിരിയ്കും അവർ എന്നെ തന്നെ നോക്കി നിൽകുന്നത് പോലെ തോന്നി.

ലിഫ്റ്റ് വന്നു നിന്നു. അകത്ത് കയറി ഗ്രൗണ്ട് ഫ്ലോർ അമർത്തി. ലിഫ്റ്റ് ന്റെ സ്റ്റീൽ ഭിത്തിയിൽ മുഖം നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോൾ ആണ് ലിഫ്റ്റ് മുകളിലേയ്കാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. മായ്ചു കളഞ്ഞ സുന്ദരിയുടെ രൂപം മെല്ലെ തലയുയർത്തി തുടങ്ങി. നേരം ഇത്രയും വൈകിയതു കൊണ്ട് പെൺകുട്ടി ആകാൻ സാദ്യത കുറവാണ്. ഇനി എങ്ങാനും ആണെങ്കിലോ, പ്രതീക്ഷ കൈവിടാതെ ക്ഷീണം മറന്നു പല തരം ചിരികൾ മനസ്സിൽ റിഹേഷ്സൽ ചെയ്തു നിന്നു. മുകളിലേയ്കു ഞാൻ ഇതു വരെ പോയിട്ടില്ല. എത്ര നില ഉണ്ട് എന്ന് തന്നെ നിശ്ചയമില്ല. എന്തായലും പത്തോ പതിനൊന്നോ അതിൽ കൂടുതൽ കാണില്ല. ലിഫ്റ്റ് നിൽകാനും വാതിൽ തുറക്കാനും സമയം കൂടി വന്നപ്പ്പോൾ ചിന്തകൾ പല വഴിക്ക് കാട് കയറി. ചിന്തകളിൽ മുഴകിയപ്പോൾ മയങ്ങിയ തലവേദന വീണ്ടും തല ഉയർത്തി. കണ്ണുകൾ അടച്ച് നെറ്റി തിരുമ്മി നിന്നപ്പോൾ പെട്ടന്ന് ബാലൻസ് പോയ പോലെ സ്റ്റെപ്പ് തെറ്റി ലിഫ്റ്റിന്റെ ഒരു വശത്തേയ്കു വീണു. ഞെട്ടി കണ്ണ് തുറന്നപ്പോൾ ചുറ്റും ഇരുട്ടാണ്. കറണ്ട് പോയി ലിഫ്റ്റ് നിന്നപ്പോൾ ഞരങ്ങുന്ന സ്റ്റീൽ കംബികളുടെ ശബ്ദം ഉയർന്നു കേൾക്കാം. ശ്വാസമെടുപ്പിന്റെ താളം ഉയർന്ന് വരുന്നത് എന്നിലെ ഭീതി അല്പം കൂട്ടി. പെട്ടന്ന് വെളിചം വന്നു. എന്നാൽ അധികം നേരം നിൽകാതെ വീണ്ടും ഇരുട്ടിനു വഴിമാറി. ക്ഷണനേരത്തിൽ കടന്നു പോയ വൈദ്യുത പ്രവാഹത്തിൽ ലിഫ്റ്റും ഒന്നു ഞെട്ടി വിറച്ചു. പക്ഷെ ആടി ഉലഞ്ഞത് ഞാൻ ആയിരുന്നു.

സാധാരണം അല്ലെങ്കിലും ലിഫ്റ്റിൽ ഇതെല്ലാം നടക്കാറുണ്ടല്ലോ എന്ന വസ്തുത എനിക്ക് ധൈര്യം പകർന്നു. മൊബൈൽ പുറത്തെടുത്ത് നോക്കിയപ്പോൾ “നോ സെർവിസ്” മെസ്സേജ് സ്ക്രീനിൽ മിന്നുന്നുണ്ട്. മൊബൈൽ വെളിച്ചത്തിൽ ലിഫ്റ്റിലെ ഫോൺ കണ്ടെത്തി. സെക്യൂരിറ്റി ഫോൺ എടുത്തില്ല. ജെനറേറ്റർ ഓണാക്കാൻ പോയതാവും. ഞാൻ വിളി തുടർന്നു. ഭിത്തിയോടു ചേർന്ന് നിന്നാണ് വിളിക്കുന്നത്. എന്റെ ശ്വാസം ഭിത്തിയിൽ പതിയുംബോൾ അവിടം മങ്ങി വരുന്നതും നോക്കി ഞാൻ നിന്നു. ലൈറ്റ് ഇടയ്കിടെ മിന്നുന്നുണ്ട്. ഓരോ മിന്നലിലും ലിഫ്റ്റ് ആടിയുലയുന്നുണ്ട്. രണ്ട് മൂന്ന് തവണ ആയപ്പോഴെ അതിൽ വീഴാതിരിയ്കാനുള്ള താളം ഞാൻ കണ്ടെത്തി. “ഹലോ സർ” ഫോണിന്റെ മറുതലയിൽ നിന്നും കേട്ട ശബ്ദം എന്നെ ധൈര്യവാനാക്കി. “സാർ ജനറേറ്ററിൽ നിൽകുന്നില്ല, സാർ എതു നിലയെത്തി എന്നു പറയാമൊ, ഞാൻ വന്ന് തുറക്കാം. മുകളിലെ വെന്റിലൂടെ പുറത്തും കടക്കാം”. വന്ന ധൈര്യം ഈ വാക്കുകളിലൂടെ ചോർന്നു പോയി. “10 കഴിഞ്ഞു.. ചേട്ടൻ പെട്ടന്ന് വരൂ” ഇതു പറഞ്ഞ് കൊണ്ടിരുന്നപ്പോൾ കറണ്ട് വീണ്ടും വന്നു പോയി.

സെക്യൂരിറ്റി ചേട്ടൻ വന്ന് പുറത്തിറക്കും വരെ എന്റെ മുന്നിൽ മറ്റ് വഴികൾ ഒന്നും ഇല്ല. സമയത്തെയും ജോലിയെയും മനസ്സിൽ വന്ന എല്ലാറ്റിനേയും ശപിച്ച് കൊണ്ട് ആ സ്റ്റീൽ തറയിൽ ഞാൻ ഇരുന്നു. മൊബൈൽ വെളിച്ചത്തിൽ അധികമൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല, എങ്കിലും സ്റ്റീൽ ചുവരുകളിൽ പതിഞ്ഞ കൈ അടയാളങ്ങൾ വ്യക്തമായിരുന്നു. അതുപോലെ ഒന്ന് വാതിലിനു മുകളിൽ നിന്നും താഴേക്ക് വലിച്ച് കൊണ്ടുപോയ പോലെ ഉണ്ടായിരുന്നു. തറയിലേയ്കു ഫോൺ പിടിച്ചപ്പോൾ കണ്ട ഉറുംബിനോട് വർത്താമാനം പറഞ്ഞ് സമയം കളയാൻ തുനിഞ്ഞു. സംസാരം ഇഷ്ടപെടാത്തതു കൊണ്ടാവാം എന്റെ ചെരുപ്പിന് വെളിയിലേയ്കു നിന്ന പെരു വിരലിൽ അവൻ കടിച്ചു. ലൈറ്റ് ഒരിയ്കൽ കൂടി വന്ന് പോയി. വിരലുകൾക്കിടയിൽ അരച്ച് കളഞ്ഞ ഉറുംബു കൂടി പോയപ്പോൾ ഞാൻ തികച്ചും ഏകാന്തനായി. ഇടയ്കുള്ള ഞെരുക്കങ്ങളും ചെറു മൂളലുകളും എന്തിനേറെ, എന്റെ തന്നെ ഹ്രദയമിടിപ്പും തന്ന ഭീതിയിൽ നിന്നും രക്ഷപെടാൻ ഞാൻ ഫോൺ വീണ്ടും കൈൽ എടുത്തു. ഏതെങ്കിലും ഗെയിം കളിക്കാം എന്ന ചിന്തയിൽ ലോക്ക് തുറന്നു. ടോണിയുടെ മെസ്സേജ് അപ്പോഴും മുകളിൽ തങ്ങി നിൽകുന്നുണ്ട്. മെസ്സേജ് തുറന്ന് നോക്കി. വീണ്ടും ലൈറ്റ് മിന്നി. ഇത്തവണ ഒരു സെക്കൻഡ് അധികം നിന്ന പോലെ. ലിഫ്റ്റിലെ ഡിജിറ്റൽ ബോർഡിൽ പതിമൂന്ന് എന്ന് ഒന്ന് മിന്നിയതും ലൈറ്റ് വീണ്ടും അണഞ്ഞു. “ലിഫ്റ്റ് നോറ്റ് വർക്കിങ്, നോ സെക്യൂരിറ്റി ഓൺ ഡ്യൂട്ടി റ്റൂ, ടേക് സ്റ്റയേർസ്”. ടോണിയുടെ മെസ്സേജ് ഞാൻ വായിച്ചു തീർന്നതും മുകളിലെ വാതിൽ തുറന്ന് ലിഫ്റ്റിനു മുകളിലേയ്കു ആരോ ചാടിയതും ഒരുമിച്ചായിരുന്നു.

Leave a Reply

സർപ്രൈസ്

October 1, 2016