മലയാളം

ചായ സഞ്ചാരം

12558767_1670444689887118_1282291025_nതോരാതെ പെയ്യുന്ന മഴയെ കീറി മുറിച്ചു പോകുന്ന ടാക്സി യുടെ പിന്സീടിലെ ഈ യാത്ര ഒരു തിരിച്ചു പോക്കാണ്. സഞ്ചരിച്ചതും സഞ്ചരിക്കാൻ വിട്ടു പോയതുമായ വഴികളിലുടെ ഒരു തിരിച്ചു പോക്ക്. വർഷം 26 കഴിഞ്ഞു. ജന്മ നാടിനെയും നാട്ടുകാരെയും വിട്ടു വിദേശ മണ്ണിൽ സ്വർഗം തേടി പോയപ്പോൾ നഷട്മായത് ഏറെയാണ്‌. ജീവിതം തേടി പറന്നു നീങ്ങിയപ്പോൾ ഒരിക്കലും തിരിച്ചു വരവ് ഇത്ര വൈകും എന്ന് ഓർത്തില്ല. കഴിഞ്ഞ വേനലിൽ അവൾ യാത്ര ആയപ്പോൾ ഈ ലോകം എത്ര വലുതെന്നും ഇവിടുത്തെ ഏകാന്തത എത്ര കഠിനമെന്നും ഞാനറിഞ്ഞു.

വേനൽ അവധി കഴിഞ്ഞു തിരിച്ചെത്തിയ കുര്യാച്ചൻ കൊണ്ടു വന്ന കോട്ടയം സ്‌പെഷ്യൽ ഉണ്ണിയപ്പത്തിൽ നിന്നായിരുന്നു ഈ യാത്രയുടെ തുടക്കം. ഏകാന്തതയെ ചിന്തകൾ കൊണ്ട് കീഴ്പെടുത്തി, നാളുകൾ എണ്ണി ഇരുന്ന എനിയ്ക്കു ഒരു പുതിയ വെളിച്ചം തുറന്നു തന്ന സ്‌പെഷ്യൽ ഉണ്ണിയപ്പം. ചെറുമധുരം നിറഞ്ഞ ഉണ്ണിയപ്പത്തേക്കാൾ എന്നെ ആകർഷിച്ചത് എണ്ണ വലിയാൻ പൊതിഞ്ഞു കെട്ടിയ ഒരു പഴയ മനോരമ പത്രം ആയിരുന്നു. ജീവിത യാത്രയുടെ അവസാന നാളുകൾ നോക്കി ഇരിക്കുന്ന ഏകാന്ത വാസിയെ ഉന്മേഷവാനാക്കാൻ ഈ ലോകത്തിൽ ഏറ്റവും സാധ്യതാ കുറഞ്ഞ വസ്തു. മനോരമ പത്രത്തിന്റെ ചരമ കോളം. ഇന്ന് ഈ മഴയത്തു ഒരു ടാക്സികു പിന്നിൽ എന്റെ നാട് തേടിയുള്ള ഈ യാത്രയുടെ തുടക്കം ആ ചരമ കോളത്തിലെ നാലാം വരിയിലെ വാർത്തയിൽ നിന്നായിരുന്നു.

ഇരുപത്തിയാറു വർഷത്തെ ചുളിവുകൾക്കപ്പുറവും ഞാൻ അവനെ തിരിച്ചറിഞ്ഞു. എന്റെ ഉറ്റ ചങ്ങാതി. ഒരു മുറിയിൽ അടച്ചിട്ടു തീർക്കേണ്ടതല്ല ജീവിതം എന്ന തോന്നൽ അവിടെ തുടങ്ങിയതാണ്. ഒറ്റ മുറിയിലേയ്ക്കു ജീവിതം ചുരുക്കിയ നേരത്തു ഒന്നു ശ്രമിച്ചിരുന്നെങ്കിൽ അവനെ അവസാനമായി ഒന്നു കണ്ടേനെ. ചിലപ്പോൾ പഴയ പോലെ പുഴ നീന്തി കയറി ശങ്കരേട്ടന്റെ ഷാപ്പിൽ നിന്നു ഒരു കുടം അന്തിയും കുടിച്ചേനെ. വൈകി പോയി എന്ന തോന്നലിൽ നഷ്ടപ്പെടുത്തുന്ന സന്തോഷങ്ങളെ ഞാൻ തിരിച്ചറിയുകയായിരുന്നു. ചെയ്തിട്ടു വന്ന വീഴ്ചയേക്കാൾ ചെയ്യാതെ പോയ കാഴ്ചകൾ ആയിരുന്നു മനസിനെ നൊമ്പര പെടുത്തിയതിൽ ഏറെയും. വൈകി പോയി എന്ന തോന്നൽ അലസതയുടെ ഒരു രൂപം മാത്രം ആണെന്ന ആ തിരിച്ചറിവിൽ ഞാൻ എടുത്ത തീരുമാനമാണ് ഈ യാത്ര. വര്ഷങ്ങള്ക്കിപ്പുറം മുറിഞ്ഞു പോയ സൗഹൃദവും വിട്ടു പോയ സുഹൃത്തുക്കളെയും തേടിയുള്ള ഈ യാത്ര. നാവു മറന്നിട്ടും മനസ്സു മറക്കാത്ത നാണുവേട്ടന്റെ ചായയുടെ സ്നേഹം തേടിയുള്ള യാത്ര.

തുടരും……..

 

Fear of Horror

April 8, 2016