മലയാളം

ചായ സഞ്ചാരം – മൂന്ന്

വിമാനം മെല്ലെ താഴ്ന്നു തുടങ്ങി. കായലുകളും അരികിൽ തിങ്ങി നിൽക്കുന്ന തെങ്ങുകളും കണ്ടു തുടങ്ങി. ഇടയ്ക് ഓരോ ചെറു പാലങ്ങളും ചീനവലകളും കാണാം. ചിലകാഴ്ചകൾ കാലമെത്തി കാണും വരെ അതിന്റെ മനോഹാരിത ഒളിപ്പിച്ചുവെയ്ക്കും എന്നു മനസിലാക്കാൻ ഇതിലേറെ ഒന്നും വേണ്ടിയിരുന്നില്ല. നാടിനോടടുത്തപ്പോൾ അറിയാതെ ഒരു ഭയവും ഉള്ളിൽ വളർന്നു വരികയായിരുന്നു. ഏകാന്തനാണ്… വ്രദ്ധനാണ്… എന്തെങ്കിലും സംഭവിച്ചാൽ എന്ന ചിന്ത വീണ്ടും തല ഉയർത്തി തുടങ്ങിയിരുന്നു. ഇങ്ങനെ കുറെ ചിന്തകള്‍ ഉണ്ട്, എത്ര ശ്രമിച്ചാലും തിരികെ വന്നു ഭയപ്പെടുത്തുന്ന ചിന്തകള്‍. അവന്റെ മരണം വായിച്ച്, ഈ യാത്ര തുടങ്ങിയ അന്ന് മുതല്‍ വളരെ ശ്രമപ്പെട്ടു ഞാന്‍ ഒതുക്കി നിര്‍ത്തിയ ആ ചിന്തകള്‍ വീണ്ടും വളര്‍ന്ന് വരികയാണ്‌. പുറത്തേയ്ക്‌ ഇറങ്ങി വരുന്ന പടികളില്‍ കാലൊന്നു ഇടറിയപ്പോള്‍, ഒരു നിമിഷത്തില്‍ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്നോര്തുപോയി. കൈത്താങ്ങായി സഹയാത്രികര്‍ വന്നപ്പോള്‍ ഒരാളല്ല ഈ ലോകം മുഴുവന്‍ എന്റെ കൂടെ ഉണ്ട് എന്ന് ഞാന്‍ മനസിലാക്കി. ഈ യാത്രയില്‍ എന്റെ കൂടെ അവനും ഉണ്ടെന്നു ഞാന്‍ എന്നോട് തന്നെ ആണയിട്ടു.

ടാക്സി ഡ്രൈവറോട് ഒരു ചായ കുടിയ്ക്കാന്‍ പറഞ്ഞിരുന്നു. വന്നിറങ്ങിയ വാഹനത്തിന്റെ വലിപ്പം മനസ്സില്‍ കണ്ടിട്ടാവാം അയാള്‍ എന്നെ കൊട്ടാര സദ്രസ്യമായ ആ ഹോട്ടലില്‍ കൊണ്ട് എത്തിച്ചത്. ഒരു ചായ എന്ന് പറഞ്ഞപ്പോള്‍ ഇത്രയും കാലം വിദേശത്ത് കേട്ട് കൊതിമാറിയ ചോദ്യങ്ങള്‍ അതാ വീണ്ടും. ഗ്രീന്‍ ടീ, കാമമോലെ, ഇംഗ്ലീഷ് ബ്രേക്ക്‌ഫാസ്റ്റ്, ഏള്‍ ഗ്രേ അങ്ങനെ കുറെ ഇനം ചായകള്‍. ഒരു സാധ ചായ എന്ന് പറഞ്ഞപ്പോള്‍ പാലിന്റെ അളവും പഞ്ചസാരയുടെ അളവും എടുക്കലായി. എന്തില്‍ നിന്നും മോചനം തേടിയാണോ ഞാന്‍ വന്നത്, അവിടെയ്ക് തന്നെ തിരിച്ചെത്തിയ പോലെ. നാട്ടിലെ വിലാസം പറഞ്ഞു മുന്നോട്ട് യാത്ര തുടങ്ങിയപ്പോഴേ മഴയും വന്നു. വിന്‍ഡോ അല്പം താഴ്ത്തി മഴത്തുള്ളികള്‍ മുഖത്ത് ചാടുന്നതും ആസ്വദിച്ചിരുന്നു. മുടങ്ങാതെ കഴിക്കുന്ന മരുന്നുകളെക്കാള്‍ വേദന സംഹരിയ്കാന്‍ അവയ്ക്ക് കഴിഞ്ഞു. ഇനി അധികം ദൂരമില്ല എന്റെ ലക്ഷ്യത്തിലേയ്ക്. പുഴകളും മലകളും കടന്നു ഞാന്‍ മറന്ന എന്റെ നാട്ടിലേയ്ക്.

നാണുവേട്ടന്റെ കട ഇന്നും അവിടെ ഉണ്ട്. വികസനം നടന്നത് അതിനു ചുറ്റും ആണ്. എന്റെ നാട് ആകെ മാറിയിരിക്കുന്നു പക്ഷെ ആ പഴയ ഓടിട്ട പീടികയും ചില്ലിട്ട പലഹാര പെട്ടിയും ഇന്നും അത് പോലെ തന്നെ ഉണ്ട്. ബെഞ്ചുകള്‍ മാറി പ്ലാസ്റ്റിക്‌ കസേരകള്‍ വന്നു. ചെറിയ കാര്‍ഡ്‌ബോര്‍ഡ്‌ കൊണ്ട് മറച്ചു ഫാമിലി റൂമും വന്നു. ചായ പറഞ്ഞു അതും ലളിതമായ് “കടുപ്പത്തില്‍  മധുരം കുറച്ച് അടിച്ച ചായ”. ഒരു കപ്പിലെയ്കു തിളച്ച വെള്ളം എടുത്തു ചായ സഞ്ചി മുക്കി നല്ല കടുപ്പം ആകും വരെ ഇളക്കി, തിളപ്പിച്ച പാലും പിന്നെ പഞ്ചസാരയും ചേര്‍ത്ത് രണ്ടു കൈയും വിടര്‍ത്തി ചായ അടിയ്കുന്നത് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു. ഇവിടുത്തെ ചായയ്ക് ഇനിയും ഒരു ചേരുവ് കൂടി ഉണ്ട്. കടയില്‍ ഇരുന്നു ഈ കവല മുതല്‍ അങ്ങ് ന്യൂ യോര്‍ക്ക്‌ വരെയുള്ള വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഹ-ചായ കുടിയന്മാരും. ഇനി ഈ ചായ കുടിച്ചിട്ടാവാം അടുത്ത ലക്ഷ്യവും ബാക്കി സഞ്ചാരവും.

Leave a Reply