മലയാളം

കോരന്റെ നിത്യജീവൻ

മിൽമാ ബൂത്തിന്റെ മതിലിനരികിൽ ടാർപോളിൻ വലിച്ച് കെട്ടിയ ടെന്റിന്റെ തറയിൽ പഴയ പാത്രങ്ങൾ നിരത്തി വെച്ചിട്ടുണ്ട്. ഇന്നലെ പെയ്ത മഴയുടെ തിരുശേഷിപ്പുകൾ ടാർപ്പായുടെ ഓട്ടകളിലൂടെ ചളുങ്ങിയതും വക്കു പൊട്ടിയതുമായ പാത്രങ്ങളിൽ വന്ന് പതിച്ചുകൊണ്ടിരുന്നു. ദ്രവിച്ച് തുടങ്ങിയ ഗ്യാസ് അടുപ്പിന് താഴെ വിറക് കത്തിച്ച് കഞ്ഞി വെയ്കുകയാണ് കാക്കാത്തി. ചോർന്നൊലിയ്കുന്ന ടെന്റിനേയും മഴ സൃഷ്ടിച്ച ദൈവത്തേയും മാറി മാറി ശപിക്കുന്നുണ്ടവർ. അടപ്പ് ചേരത്ത പാത്രത്തിൽ കഞ്ഞിയും നിറച്ച് എതിരെ വന്ന മുഖങ്ങളെയെല്ലാം ഭവ്യതയോടെ ചിരിച്ച് കാണിച്ച്  ആൽത്തറയിലേയ്കവൾ ദൃതിയിൽ നടന്നു.

ഫ്ലെക്സുകൾ കൊണ്ട് നിറഞ്ഞ ആലിനു താഴെ കല്ലിൽ തീർത്ത തറയിൽ അയാൾ ഇനിയും ഉറക്കമുണർന്നിട്ടില്ല. കാവിമുണ്ടിനും മഞ്ഞ തുണിയ്കുമുള്ളിൽ ചുരുണ്ട് കൂടിയ അയാളെ ഉണർത്താതെ കാക്കാത്തി കഞ്ഞി പാത്രം അരികിൽ വെച്ച് തിരിഞ്ഞ് നടന്ന് പോയി. പതിവു പോലെ “രവിസ് ടീ സ്റ്റാൾ” നിറഞ്ഞ് തുടങ്ങിയിരുന്നു. കാലം തെറ്റി വന്ന മഴയും പ്രഭാകരന്റെ പേറടുത്ത പശുവും കൊഴുപ്പ് കുറയ്കാൻ നടത്തം തുടങ്ങിയ ചേടത്തിയും മുഖ്യ മുന്ത്രിയുടെ കാറും പ്രധാന മന്ത്രിയുടെ ഫ്ലൈറ്റും എല്ലാം അവിടെ കാലി ചായയ്ക് മുന്നിൽ നിരന്ന് നിന്നു. ആൽത്തറയിലെ രൂപമോ ആറി തുടങ്ങിയ കഞ്ഞിയോ അവർ ആരും കണ്ടില്ല. ആൽത്തറിയിൽ ആലോളം പ്രായം ചെന്ന അയാളെ കോരനെന്ന് നാട്ടുകാർ വിളിച്ച് പോന്നു. ഉറവിടം അറിയാത്ത, ഉരിയാടാത്ത അയാൾ ആ നാടിന്റെ മുഖമായിട്ടു കാലം കുറെ ആയിരിക്കുന്നു.

സഞ്ചിയുമായി പഴയതു പെറുക്കാൻ പോകും മുന്നേ കഞ്ഞി പാത്രം എടുക്കാൻ വന്ന കാക്കാത്തിയുടെ നിലവിളി കോരന്റെ നിത്യജീവന്റെ തുടക്കമായിരുന്നു. ചൂട് മാറിയ കഞ്ഞിയെ തഴഞ്ഞ് കോരന്റെ മുഖത്തും രക്തം നിലച്ച കൈകളിലും ആയിരുന്നു ഈച്ചകളുടെ ശ്രദ്ധ. കാക്കാത്തി പെണ്ണിന്റെ കരച്ചിൽ കേട്ട് ഓടി വരുന്നവർ “കിളവന്റെ കയ്യിലിരിപ്പിനെ” പറ്റിയും പറയുന്നുണ്ടായിരുന്നു. ഉറക്കത്തിലെ അടഞ്ഞ കണ്ണും, കുഷ്ഠം വന്നു നാട്ടുകാർക്കു ബുദ്ധിമുട്ടാക്കാതെ നേരത്തെ വിളിച്ചതും, നായ്ക്കൾക്കു ഭക്ഷണം ആവാത്തതും എല്ലാം ദൈവത്തിനുള്ള നന്ദി പ്രകാശനത്തിലേയ്ക് വകയിരുത്തി. പുതച്ചിരുന്ന കാവിയിൽ പൊതിഞ്ഞു പൊതു ശ്മശാനത്തിലേക്കുള്ള യാത്രയിൽ, കോരന്റെ ഉച്ചക്കഞ്ഞി പകുതി നുണഞ്ഞിരുന്ന കാക്കയും വൈകുന്നേരങ്ങളിൽ കൂടെ കിടന്നിരുന്ന നായയും എല്ലാം മൂഖ സാക്ഷികളായ്. കറന്റു കയറി ശരീരം ചാരമായ് മാറും നേരം കോരന്റെ ആത്മാവ് എവിടെ എന്ന ചർച്ചകൾ തുടങ്ങിയിരുന്നു. മെഡിക്കൽ കോളേജിലെ പിള്ളേർക്ക് കൊടുക്കാതെ ചാമ്പലായതിലെ അമർഷം അടക്കം പറയുന്നവരും വിരളം അല്ല. എന്തായാലും ദഹിപ്പിക്കാൻ നേരം മാറ്റി വെച്ച കോരന്റെ രുദ്രക്ഷമാലയും, കൊന്തയും പിന്നെ കാവിത്തുണിയും അയാളുടെ ഓർമ പോലെ ആലിന്റെ വേരിൽ ചുറ്റി വെയ്ക്കാൻ തിടുക്കം കോരന്റെ വാരാന്ത്യ കമ്പനിക്കാരായ പയ്യന്മാർക്കായിരുന്നു.

എല്ലാം കഴിഞ്ഞു ആളുകൾ പലവഴി മടങ്ങി. തുള്ളി തുള്ളി ആയി പെയ്തു തുടങ്ങിയ മഴയിൽ സഞ്ചിയുമായി കാക്കാത്തിയും നടന്നകന്നു.എന്നോ ഒരു നാൾ എവിടെ നിന്നോ വന്ന് ആ നാടിൻറെ നടുമുറ്റത്ത് നീണ്ട നാൾ നിവർന്നു കിടന്ന അയാൾ ഇനി ഇല്ല. ആരും ഓർക്കാൻ ഒന്നുമയാൾ ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല. ആരെയും അറിയാതെ കാലത്തിനൊപ്പം ജീവിച്ചു തീർന്ന ഒരു ശില്പത്തിനപ്പുറം അയാൾ ആരുമല്ല. ഇനി കോരനെന്ന ശില്പം ഈ ഭൂമിയിൽ ഇല്ല. പക്ഷെ അഗ്നിയിൽ ദഹിച്ചു തീർന്ന ദേഹത്തിനുമപ്പുറം കോരന്റെ ജീവിതം തുടങ്ങുന്നത് അന്നായിരുന്നു. അപ്രത്യക്ഷനായ ജീവിതം തീർത്ത കോരൻ ഏറ്റവും കൂടുതൽ ജീവിച്ചത് അന്നാണ്. രവിയേട്ടന്റെ ചായ കടയിലും ബസ് സ്റ്റോപ്പിലെ പാതി ഒടിഞ്ഞ ചാര് ബഞ്ചിലും. അന്തി അടിച്ചു പിരിയുന്ന കള്ള് ഷാപ്പിലും അയൽക്കൂട്ടം പെണ്ണുകളുടെ ഉച്ച ഊണിലും നിറഞ്ഞു നിന്നതു അയാൾ ആയിരുന്നു.

മരണം എന്ന് ലോകം വിളിച്ചപ്പോഴും ഇന്ന് കോരന്റെ ജനനം ആണ്. കോരന്റെ നിത്യജീവന്റെ ആരംഭം.

Leave a Reply

കള്ള്

April 23, 2017