മലയാളം

അനാമിക

ഒരു വലിയ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ Blue Lightനു മുന്നില്‍  അവളുടെ നിഴല്‍ കാണാം. അവൾക്കപ്പുറം സ്‌ക്രീനിൽ ചുവന്ന ഗ്രാഫുകൾ, നഷ്ടത്തിന്റെ കണക്കുകൾ. പ്രതിമാസ കണക്കുകളും ഇനിയും പൂർത്തിയാകാത്ത Taskകളും അവൾക്കു മുന്നിൽ ഒരു വന്മതിൽ തീർത്തിരിക്കുന്നു. 

അനാമിക, അവൾ ആ ക്യൂബിക്കിൾ കാട്ടിൽ ഒറ്റയ്ക്കായിരുന്നു. അവളുടെ മുകളിൽ ജ്വലിക്കുന്ന ഫ്ലൂറസെന്റ് ലാമ്പിലെ വെളിച്ചം ആ വലിയ ഓഫിസിന്റെ അതിർത്തികൾ അളക്കാൻ പരാജയപ്പെട്ടു. ഇരുട്ടിന്റെ വലയത്തിൽ അവളുടെ ക്യൂബിക്കിൾ ഒരു നീല വെളിച്ചം തൂകുന്ന തുരുത്ത് പോലായിരുന്നു. രാവിന്റെ നിശബ്ദതയിൽ ലൈറ്റിന്റെ മൂളലും 

കമ്പ്യൂട്ടറിന്റെ തേങ്ങലും കഴിഞ്ഞുപോയ പകലിന്റെ പ്രേതത്തെപ്പോലെ വിതുമ്പി. 

അനാമിക സ്ക്രീനിലെ ടാബ് മാറ്റി. മുന്നിലെ Trello ബോർഡിൽ അവളുടെ To-Do ലിസ്റ്റ് തെളിഞ്ഞു. Quarter 3 Sales Strategy, Updated marketing pitch അങ്ങനെ അങ്ങനെ ടാസ്കുകളുടെ നീളുന്ന നിര. അവൾക്കതെല്ലാം എരിയാൻ മടിക്കുന്ന മെഴുകുതിരി വെളിച്ചം പോലായിരുന്നു. ക്ഷീണവും തളർച്ചയും കാർന്നെടുത്ത അവളുടെ ഉള്ളം അനാമികയുടെ മുഖത്ത് പ്രകടമായിരുന്നു. തണുത്തുറഞ്ഞ ഈ ലോകം അവളെ മരവിപ്പിച്ചു തുടങ്ങിയിരുന്നു. അവളുടെ മനസ്സും മസ്തിഷ്കവും വെളിച്ചമില്ലാ താഴ്വരയിൽ മറയാൻ വെമ്പുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ ഒരു മന്ത്രം പോലെ ആ ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു.

ഇതെല്ലാം എന്തിന്? ആർക്ക് വേണ്ടി? What’s the point of all this?

തളർന്ന ശരീരവും മയങ്ങി തുടങ്ങിയ മനസുമായി അനാമിക അവളുടെ കസേരയിലേക്ക് ചാഞ്ഞ് ഇരുന്നു. ആ കസേരയുടെ തേങ്ങലിൽ പോലും വിഷാദം പടർന്നിരുന്നു. അവൾ തല കസേരയിലേയ്ക് ചാരി, മുകളിൽ എരിയുന്ന ഫ്ലൂറസെന്റ് ട്യൂബിന്റെ പാളിയിലേയ്ക്ക് നോക്കി. രാവേറിയിട്ടും അണയാത്ത ആ വെളിച്ചത്തിന്റെ സ്വരം അവിടെ മുഴങ്ങി. അവൾ അവിടെ നിന്നും എഴുന്നേറ്റു. 

പൊടുന്നനെ ഒരു തണുത്ത കാറ്റ് ആ ഭീമൻ ഓഫീസ് മുറിക്ക് കുറുകെ വീശി. യാഥാർഥ്യത്തിന്റെ ശബ്ദം ആരോ mute ചെയ്ത പോലെ, ട്യൂബ് ലൈറ്റിന്റെ യും കമ്പ്യൂട്ടറിന്റെയും ശബ്ദങ്ങൾ ഒരു ഞൊടിയിൽ നിലച്ചു. തെല്ലൊരു ഞെട്ടലോടെ അവൾ ചുറ്റും കണ്ണോടിച്ചു. അവളുടെ കണ്ണുകൾ താഴേക്കു വന്നതും അനാമിക ഞെട്ടി. അവളുടെ കൈകൾ കസേരയിലൂടെ കടന്നു പോയിരിക്കുന്നു. അവൾ ഒരു പ്രേതത്തെപോലെ നിലം തൊടാതെ അർദ്ധസുതാര്യയായി കാണപ്പെട്ടു. ചുറ്റുമുള്ളതെല്ലാം അവൾക്ക് ഒരു മായിക പ്രപഞ്ചം പോലെ തോന്നി. 

ഞാൻ മരിച്ചോ? ഇതാണോ ജീവന്റെ മറുപുറം? അതോ ഇതെന്റെ സ്വപ്നം ആണോ? 

ആ ചിന്തകളെല്ലാം അവളുടെ തലയോടിനുള്ളിൽ പ്രതിധ്വനിച്ചു. സ്വപ്നമല്ലെന്ന് ഉറപ്പിക്കാൻ അവൾ സ്വയം നുള്ളാൻ ശ്രമിച്ചു, പക്ഷെ അവളുടെ കൈകൾ പോലും അവൾക്കു സ്പർശിക്കാൻ സാധിക്കുന്നില്ല. അവൾ മുന്നോട്ടു നടക്കാൻ ശ്രമിച്ചു. ഇല്ല, അനാമിക നടക്കുകയല്ല, അന്തരീക്ഷത്തിൽ ഒരു കാറ്റു പോലെ ഒഴുകുകയാണ്. അവളുടെ ചുറ്റുമുള്ള ഭിത്തികളും വസ്തുക്കളും അവൾക്കു മൂടൽ മഞ്ഞു പോലെയായി. അവൾ അവയിലൂടെ ഒഴുകി നീങ്ങി. ഭയവും, തേങ്ങലും, വിഭ്രാന്തിയുമെല്ലാം അവൾക്കുള്ളിൽ തന്നെ നിലച്ചു പോയി. 

ഇത് സ്വർഗ്ഗമോ അതോ നരകമോ? എന്റെ യാത്ര ഇവിടെ തീരുന്നതോ അതോ തുടങ്ങുന്നതോ ? – അവളുടെ ചിന്തകൾ പോലും ആ നിഘൂടതയിൽ കുടുങ്ങിക്കിടന്നു. 

അവൾക്കു മുന്നിൽ നിര നിരയായിരുന്ന മോണിറ്ററുകൾ മെല്ലെ ഓൺ ആകാൻ തുടങ്ങി. ഓരോന്നിലും അനാമികയുടെ മുഖം തെളിയാൻ തുടങ്ങി. ഓരോ മോണിറ്ററിലും ഓരോ ഭാവങ്ങൾ. ഉള്ളിലെ തേങ്ങൽ അലമുറയിടുന്നവൾ. ആശങ്കകളെ ഉള്ളിൽ ഒതുക്കി വിതുമ്പാൻ മടിക്കുന്നവൾ. ചിരിക്കാൻ മറന്നതും, ചിരി അടക്കാൻ മടിച്ചതും. അങ്ങനെ അങ്ങനെ അനാമികയ്ക്കുള്ളിലെ വികാരങ്ങളെല്ലാം മുഖങ്ങളായി ആ മോണിറ്ററുകളിൽ നിറഞ്ഞു നിന്നു. അവൾ അന്തരീക്ഷത്തിലൂടെ നീങ്ങുമ്പോൾ ആ മുഖങ്ങൾ അവളെ പിന്തുടർന്ന്.  

ഭയത്തോടെ അവൾ ആ ഓഫീസിൽ നിന്നും വെളിയിലേക്ക് ഒഴുകി നീങ്ങി. ബ്രേക്ക് റൂമിനുള്ളിലെ കോഫി മെഷീന്റെ LED ലൈറ്റുകളുടെ മിന്നൽ അവളുടെ കണ്ണുകളിൽ പതിച്ചു. അവൾ ആ മെഷീനിനു അരികിലെത്തി അതിലേയ്ക്ക് അവളുടെ കൈകൾ നീട്ടി. വ്യഥ! ഈ മായാലോകത്തിൽ അവൾക്കൊന്നും സ്പർശിക്കാനാവുന്നില്ല. ബ്രേക്ക് റൂമിന്റെ ചില്ലു ജാലകങ്ങൾക്കപ്പുറം, അവൾ ഒരു നിഴൽ പെരുമാറ്റം കണ്ടു. കോറിഡോറിലൂടെ നടന്നു നീങ്ങുന്ന സെക്യൂരിറ്റി ഗാർഡ്. അവൾ ഉച്ചത്തിൽ അയാളെ വിളിച്ചു. അയാളുടെ കാലടികൾ പോലെ അവളുടെ വിളിയും നിശബ്ദതയിൽ അലിഞ്ഞു പോയി. അയാൾ അവൽക്കരികിലൂടെ നടന്നകന്നതു നിസ്സഹായത്തോടെ അനാമിക നോക്കി നിന്നു. 

എന്നെയാരും കാണുന്നില്ലേ? ഞാനിവിടെയില്ലേ? ഇനി ഞാൻ ഇവിടെ വേണ്ടേ? ഒരിക്കലും ഞാൻ ഇവിടെ വേണ്ടിയിരുന്നില്ലേ? 

അസ്തിത്വ പ്രതിസന്ധിയുടെ കവിതകൾ അവൾക്കുളളിൽ മയക്കമുണർന്ന ഏതോ ഭൂതഗണങ്ങൾ ഒരു സംഘഗാനം പോലെ പാടി. 

ഞാൻ ഒരു കഴിവുകെട്ടവളോ? അതോ വഞ്ചകയോ? ഈ ലോകത്തിൽ ഒന്നുമാകാൻ കഴിയാതലയുന്ന വെറുമൊരു ലക്ഷ്യമില്ലാ പറവയോ? 

അവൾ അവിടെ നിന്നും രക്ഷപ്പെടാൻ മെയിൻ ഡോറിലേയ്ക്ക് പാഞ്ഞു. എന്നാൽ ഏതോ അദ്രശ്യ ശക്തി അവളെ പിന്നിലേയ്ക്ക് വലിച്ചു. ആ ഭീമൻ ഓഫീസ് മുറിയിൽ അനാമിക തളക്കപ്പെട്ടിരിക്കുന്നു. അവളുടെ പരാജയ ഭൂമിയിൽ ആരോ അവളെ ആവാഹിച്ചു വെച്ച പോലെ. 

ഞാൻ ഒരു പ്രേതമാണ്! എന്റെ കഴിവുകേടുകളുടെ തടവറയിൽ, അനന്തതയോളം അടക്കപ്പെട്ട പ്രേതം!

നിരാശയുടെ നിശബ്ദതയിൽ പരാജയത്തിന്റെ തിരിച്ചറിവിൽ അവൾ തിരികെ പറന്നു. ചുറ്റും പന്തലിച്ച ഇരുട്ടിൽ അവളുടെ ക്യൂബിക്കിൾ ഒരു മരുപ്പച്ചപോലെ തിളങ്ങി. വീണ്ടും സ്ക്രീനിനു മുന്നിൽ അവൾ നിന്നു. ചുവപ്പു നിറഞ്ഞ ഗ്രാഫുകൾക്ക് മുന്നിൽ നിർവികാരയായി അനാമിക. സ്‌ക്രീനിന്റെ കോണിൽ ഒരു പച്ചപ്പ് മെല്ലെ തെളിഞ്ഞു. അവളുടെ കണ്ണിലെ വിഷാദം മെല്ലെ മായാൻ തുടങ്ങി. ചുവപ്പു ഗ്രാഫുകളിൽ അവൾ ഉത്തരങ്ങളുടെ പാറ്റേണുകൾ കണ്ടു തുടങ്ങി. അടഞ്ഞു തുടങ്ങിയ വഴികൾ മെല്ലെ തുറക്കുന്നു. അനാമികയെ ആവാരം ചെയ്ത ആകുലത മെല്ലെ അലിഞ്ഞു തുടങ്ങി. പ്രതീക്ഷയുടെ കിരണം അവൾക്കു ചുറ്റും തെളിഞ്ഞു തുടങ്ങി. ട്യൂബ് ലൈറ്റിന്റെ ഈണം മെല്ലെ ഉയർന്നു വന്നു. 

പെട്ടന്ന് തോളത്താരോ തട്ടുന്ന ശബ്ദം! “മാഡം”.

ഞെട്ടലോടെ അവൾ ഉണർന്നു. അവൾ കസേരയിൽ തന്നെയാണ്. ഓഫീസിന്റെ ശബ്ദങ്ങളുടെ കാഠിന്യം പെട്ടന്ന് കൂടി. ദൂരെ ചലിക്കുന്ന vacuum ക്ലീനർ. അല്പം പരിഭ്രമത്തോടെ അവൾ സ്ഥലാകാലബോധം തിരിച്ചെടുത്തു. 

“മാഡം… കുറച്ചധികം ലേറ്റ് ആയി… ഞങ്ങൾക്ക് ലോക്ക് ആക്കിയിട്ടു വേണം പോകാൻ”. ഞെട്ടലിൽ നിന്നുണർന്ന അനാമികയ്ക്കു ക്ലീനിങ് സ്റ്റാഫിന്റെ വാക്കുകൾ  പ്രോസസ്സ് ചെയ്യാൻ കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു. 

“ആ… അഹ് സോറി.. ഞാൻ ഒന്ന് മയങ്ങി പോയി.. ഇപ്പോ ക്ലിയർ ചെയ്യാം.. സോറി” മാപ്പ് പറഞ്ഞു കൊണ്ട് തന്നെ അവൾ ബാഗിലേയ്ക് സാധങ്ങൾ വെച്ചു. ഒരു കവിൾ വെള്ളം കുടിച്ചു കൊണ്ട് കമ്പ്യൂട്ടർ ഓഫ് ആക്കും മുന്നേ അവൾ സ്ക്രീനിലേക്ക് ഒന്ന് കൂടി കണ്ണോടിച്ചു. 

ഒരു ഞെട്ടലോടെ അനാമിക വീണ്ടും പിന്നോട്ടിരുന്നു. സ്പ്രെഡ് ഷീറ്റിനും ഗ്രാഫുകൾക്കുമപ്പുറം തുറന്നിരിക്കുന്ന AI ആപ്പിൽ അവളുടെ കണ്ണുകൾ ലോക്ക് ആയി. Prompt ബോക്സിൽ അവൾ എഴുതിയ വരികൾ, അവളുടെ സ്വപ്നത്തിൽ കെട്ടവ ആയിരുന്നു. AI നൽകിയ ഉത്തരങ്ങളിലും അവളുടെ വ്യഥകൾ. ഒടുവിൽ അവൾ കണ്ടെത്തിയ ഉത്തരവും ആ സ്‌ക്രീനിൽ അവൾക്കു മുന്നിൽ ഉണ്ടായിരുന്നു. 

ഒരു പക്ഷെ വേഗത്തിലോടുന്ന ഈ ലോകത്തിൽ അനാമികയും ആ AI മോഡലും ഏതോ ഷെയർ ഹോൾഡേഴ്‌സിന്റെ കണ്ണിലെ പ്രേതങ്ങൾ ആയിരിക്കാം. അസ്തിത്വമോ ഇന്ദ്രിയങ്ങളോ ഇല്ലാതെ ദിനരാത്രങ്ങൾ എരിഞ്ഞ് തീർക്കുന്ന ഊർജം വറ്റുന്ന പ്രേതങ്ങൾ. 

Leave a Reply